EDITORIAL : Posted on 07 - 05- 2012

രക്ഷയെപ്പറ്റി സംശയം വേണ്ട

യേശുക്രിസ്തുവിനായി ജീവിതം സമര്‍പ്പിച്ചവര്‍ രക്ഷയെപ്പറ്റി കൂടെ കൂടെ സംശയിക്കേണ്ടതില്ല. ക്രിസ്തുവിണ്റ്റെ സഖിത്വം അനുഭവിക്കുന്നിടത്തോളം രക്ഷ ഭദ്രമാണ്‌.

യേശുക്രിസ്തുവിണ്റ്റെ ജനന മരണ പുനരുത്ഥാനങ്ങള്‍ നിസ്തുല്യമാണ്‌. അവിടുത്തെ ക്രൂശുമരണത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ പാപമോചനവും നിത്യരക്ഷയും ലഭിക്കുന്നുയെന്നതാണ്‌ ക്രിസ്ത്യാനിത്വത്തിണ്റ്റെ പ്രത്യേകത. സല്‍കര്‍മ്മങ്ങള്‍ ചെയ്തുമോക്ഷം പ്രാപിക്കാമെന്നു പഠിപ്പിക്കുന്നവരുണ്ട്‌. പുനര്‍ജന്‍മ സിദ്ധാന്തം പിന്‍തുടരുന്നവരുടെ മതം ക്രൈസ്തവ രക്ഷാസിദ്ധാന്തവുമായി പൊരുത്തപ്പെടുന്നില്ല. എല്ലാ മതങ്ങളും ഒന്നാണെന്നു പഠിപ്പിക്കുന്നവര്‍ മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള മതങ്ങളുടെ പഠിപ്പിക്കലുകളിലെ വൈരൂദ്ധ്യങ്ങള്‍ മറച്ചുപിടിക്കുന്നു. പ്രധാനമതങ്ങളുടെ മരണാനന്തര വിശ്വാസങ്ങള്‍ തന്നെ പഠനവിധേയമാക്കുക. യാഹുദമതത്തില്‍ നിത്യതയെപ്പറ്റിയും സ്വര്‍ഗനരകങ്ങളെപ്പറ്റിയുമുള്ള പഠിപ്പിക്കലുകള്‍ കുറവോ അവ്യക്തമോ ആണ്‌. ഹിന്ദു മതത്തിന്‌ ഏക വിശ്വാസമല്ലുള്ളത്‌. അതില്‍ തന്നെ വിഭിന്ന ദര്‍ശനങ്ങളാണ്‌. പുനര്‍ജന്‍മവിശ്വാസം ഒരു ശാഖ മാത്രമാണ്‌. ഹൈന്ദവ സങ്കല്‍പത്തിലെ മോക്ഷവും ക്രൈസ്തവ രക്ഷാസിദ്ധാന്തവുമായി യാതൊരു പൊരുത്തവുമില്ല. മരണാനന്തര ജീവിതത്തെപ്പറ്റി ദര്‍ശനമില്ലാത്ത ചിന്താധാരകളും ഹിന്ദുമതത്തിലുണ്ട്‌. ഇസ്ളാം മതം പറയുന്ന അന്ത്യന്യായവിധിയും സ്വര്‍ഗപ്രവേശനവും ക്രൈസ്തവ ഭാവിപ്രത്യാശയുമായി ചേര്‍ന്നു പോകുന്നതല്ല. ക്രിസ്തുവിണ്റ്റെ ക്രൂശുമരണമാണ്‌ മനുഷ്യണ്റ്റെ ന്യായവിധിയെ മാറ്റിയെഴുതിയതെന്നു ക്രിസ്ത്യാനിത്വം മാത്രമേ വിശ്വസിക്കുന്നുള്ളൂ. ക്രിസ്തു നിസ്തുല്യനായതുപോലെ ക്രിസ്തീയപ്രത്യാശയും നിസ്തുല്യമാണ്‌. എല്ലാ മതങ്ങളും ചേര്‍ന്നൊഴുകിയാലും യേശുക്രിസ്തു ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിനു പകരമാകയില്ല.

മനുഷ്യണ്റ്റെയും പ്രപഞ്ചത്തിണ്റ്റെയും വീണ്ടെടുപ്പ്‌ സാധിച്ചത്‌ ക്രിസ്തുവിണ്റ്റെ പ്രായശ്ചിത്ത മരണത്തിലൂടെയാണ്‌. ക്രിസ്തുവിനെ പ്രവാചകനെന്നു വിളിക്കാമെങ്കിലും അവിടുന്നു കേവലം പ്രവാചകനല്ല. ക്രിസ്തുവിനെ ഗുരുക്കന്‍മാരുടെ ഗുരുവെന്നു വിശേഷിപ്പിക്കാമെങ്കിലും അവിടുന്നു ഗുരു മാത്രമല്ല. ഇവനെത്ര മഹാനെന്നു ക്രിസ്തുവിനെപ്പറ്റി പറയാമെങ്കിലും ആ വിശേഷണത്തില്‍ ഒതുങ്ങുകയില്ല. മനുഷ്യരൂപം പൂണ്ട ദൈവമാണ്‌ യേശുക്രിസ്തു. യേശു തച്ചനായ ജോസഫിണ്റ്റെ മകനല്ല. ജോസഫ്‌ യേശുവിണ്റ്റെ വളര്‍ത്തച്ഛന്‍ മാത്രമാണ്‌. യേശുവിണ്റ്റെ ജനനം കേവലം മനുഷ്യജന്‍മമല്ല. മറിയയുടെ ഗര്‍ഭപാത്രത്തില്‍ വചനം ജഡമായിത്തീരുകയായിരുന്നു. മാംസരക്തങ്ങളോടു കൂടിയവനായ യേശു പൂര്‍ണമനുഷ്യനായിരുന്നു. പാപം കൂടാതെ നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനായ മനുഷ്യപുത്രന്‍ പൂര്‍ണ്ണ ദൈവവുമായിരുന്നു. ക്രിസ്തുവിണ്റ്റെ ക്രൂശുമരണത്തെ രക്തസാക്ഷിത്വമായി പരിമിതപ്പെടുത്താനാവില്ല. അവിടുന്നു സകല മനുഷ്യവര്‍ഗത്തിണ്റ്റെയും പാപത്തിണ്റ്റെ പാനപാത്രം ഏറ്റുവാങ്ങി ശിക്ഷകള്‍ വഹിച്ചു ക്രൂശില്‍ പാപയാഗമാകുകയായിരുന്നു. യേശുവിണ്റ്റെ രക്തം നമ്മുടെ സകല പാപവും പോക്കി നമ്മെ ദൈവത്തോടു നിരപ്പിച്ചു. നിത്യനാശമെന്ന രണ്ടാം മരണത്തെ അവിടുന്നു മരണംകൊണ്ടുതോല്‍പിച്ചു. അവിടുന്നു ഉത്ഥാനം ചെയ്തതിനാല്‍ നമുക്കും ഉയിര്‍പ്പിണ്റ്റെ പ്രത്യാശ ലഭിച്ചു.

ഈ പ്രപഞ്ചത്തിണ്റ്റെ വീണ്ടെടുപ്പിനുവേണ്ടിയായിരുന്നു ക്രിസ്തുവിണ്റ്റെ ക്രൂശുമരണം. അവിടുത്തെ ദിവ്യബലിയാല്‍ മനുഷ്യവര്‍ഗത്തിന്‌ രക്ഷയുടെ വാതില്‍ തുറന്നുകിട്ടി. യേശുക്രിസ്തു സകലരുടെയും രക്ഷിതാവാണ്‌. അവിടുന്നു മാത്രമാണ്‌ വഴിയും സത്യവും ജീവനും. അവിടുന്നു മാത്രമാണ്‌ സ്വര്‍ഗത്തിലേക്കുള്ള വാതില്‍. തന്നിലൂടെയല്ലാതെ ആരും സ്വര്‍ഗീയപിതാവിണ്റ്റെ സന്നിധിയില്‍ ചെല്ലുന്നില്ലെന്നു പറഞ്ഞപ്പോള്‍ ദൈവദൂഷണം പറയുന്നുയെന്നാണ്‌ ന്യായപ്രമാണ വിശ്വാസികള്‍ പറഞ്ഞത്‌. യാഹുദന്‌ യേശുവിനെ മശിഹയായി ഉള്‍ക്കൊള്ളാനായില്ല. യേശുക്രിസ്തുമാത്രമാണ്‌ സകല മനുഷ്യ വര്‍ഗത്തിണ്റ്റെയും രക്ഷകന്‍ എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഏതു മൂര്‍ത്തികളോടു പ്രാര്‍ത്ഥിച്ചാലും ക്രിസ്തുവിനോടുള്ള യാചനയാണെന്നു തെറ്റുധരിപ്പിക്കുന്നവരുണ്ട്‌. എല്ലാ വഴികളും ഒരിടത്തേക്കാണെന്നും എല്ലാ നദികളും സമുദ്രത്തില്‍ പതിക്കുന്നതുപോലെ എല്ലാ മതദര്‍ശനങ്ങളും ഒഴുകിയെത്തുന്നത്‌ ഒരേ സ്ഥലത്തേക്കാണെന്നും ശഠിക്കുന്നവര്‍ മനുഷ്യനെ വഴി തെറ്റിക്കയാണ്‌. ഏതു മൂര്‍ത്തിയും ദൈവമല്ല. ഏതുവഴിയും ആത്മരക്ഷയിലേക്കുമല്ല. നേര്‍ച്ച കാഴ്ചകള്‍കൊണ്ട്‌ പാപപരിഹാരം വരുത്താനാവില്ല. യേശുക്രിസ്തുവിണ്റ്റെ രക്തം മാത്രമാണ്‌ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം. പാപഹരണത്തിന്‌ ഇനി കര്‍മ്മങ്ങള്‍ ആവശ്യമില്ല. യാഗങ്ങളുടെ പ്രസക്തിയും നഷ്ടപ്പെട്ടു. ക്രിസ്തു നിത്യയാഗമായിത്തീര്‍ന്നു. അവിടുന്നു എന്നേക്കുമുള്ള മഹാപുരോഹിതനായിരിക്കുന്നു.

എല്ലാ മനുഷ്യരും പാപികളാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക. യേശുക്രിസ്തുവിണ്റ്റെ ക്രൂശുമരണം നമ്മുടെ പാപങ്ങള്‍ക്ക്‌ വേണ്ടിയാണെന്നു വിശ്വസിക്കുക. 'ദൈവമേ ഞാന്‍ പാപിയാണ്‌; എണ്റ്റെ പാപങ്ങള്‍ക്കുവേണ്ടി യേശുക്രിസ്തു ക്രൂശില്‍ മരിച്ചുയെന്നു ഞാന്‍ വിശ്വസിക്കുന്നു. എണ്റ്റെ പാപങ്ങള്‍ എന്നോടു ക്ഷമിക്കണേ" - ഇങ്ങനെ ഏറ്റു പറയുന്നതോടെ പാപക്കടം തീരുന്നു. നിത്യനരകത്തില്‍ നിന്നും മോചിതരാകുന്നു. രക്ഷക്ക്‌ അവകാശികളാകുന്നു. ക്രിസ്തുവില്‍ പുതിയ സൃഷ്ടികളാകുന്നു. കൃപയാല്‍ രക്ഷിക്കപ്പെട്ട പാപി!ക്രിസ്തീയ രക്ഷയുടെ അടിസ്ഥാനം യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്‌. രക്ഷയുടെ ആദ്യപടി മാനസാന്തരമാണ്‌. പാപങ്ങള്‍ ഏറ്റുപറയുന്നു. യേശുവിനെ രക്ഷിതാവും കര്‍ത്താവുമായി അംഗീകരിക്കുന്നു. ഇതാണ്‌ ക്രിസ്ത്യാനിത്വത്തിണ്റ്റെ തുടക്കം മുതല്‍ കണ്ടത്‌. അപ്പൊസ്തല പ്രവര്‍ത്തികളില്‍ സഭയുടെ ആരംഭത്തില്‍ കര്‍ത്താവ്‌ രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു. ഒരാള്‍ രക്ഷിക്കപ്പെട്ടുയെന്ന്‌ എങ്ങനെ ഉറപ്പാക്കാന്‍ കഴിയും? രക്ഷിക്കപ്പെടുകയെന്നത്‌ തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്‌. ഒരു ആന്തരിക പ്രക്രിയയാണ്‌. ഒരുപക്ഷേ ബാഹ്യപ്രകടനങ്ങള്‍ ഒന്നും നടക്കില്ല. പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌ യേശുക്രിസ്തുവിനുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു കഴിയുമ്പോള്‍ അവിടുന്നു നമ്മുടെ പേര്‌ ജീവപുസ്തകത്തില്‍ എഴുതുന്നു. "യേശുവിനെ കര്‍ത്താവെന്ന്‌ വായ്കൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്നു ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും." യേശുവില്‍ വിശ്വസിച്ചു നീതീകരണം പ്രാപിച്ചവര്‍ രക്ഷയെപ്പറ്റി സംശയിക്കുകയോ ആകുലപ്പെടുകയോ വേണ്ട. "നമ്മെ വീണ്ടെടുത്തിരിക്കുന്നത്‌ പൊന്ന്‌, വെള്ളി തുടങ്ങിയ അഴിഞ്ഞു പോകുന്ന വസ്തുക്കളെക്കൊണ്ടല്ല".