അബ്രഹാമിണ്റ്റെ വിശ്വാസം

എബ്രായര്‍ 11:8 -12

വിശ്വാസ ജീവിതത്തിന്‌ ഏറ്റവും നല്ല മാതൃക അബ്രഹാമാണ്‌. യിസ്രായേല്‍ ജനത്തിണ്റ്റെ പിതാവ്‌ എന്ന നിലയില്‍ യെഹൂദന്‍മാരുടെയിടയില്‍ പ്രമുഖ വ്യക്തിത്വമുള്ള അബ്രഹാമിന്‌ വിശ്വാസികളുടെ പിതാവ്‌ എന്ന നിലയില്‍ സഭയിലും പ്രഥമ സ്ഥാനമാണുള്ളത്‌. അബ്രഹാമിണ്റ്റെ സന്തതി (൨:൧൬) എന്ന്‌ ദൈവജനത്തെ വിശേഷിപ്പിച്ചിട്ടുണ്ട്‌. ഈ വാക്യങ്ങളില്‍ വിശ്വാസത്തിണ്റ്റെ അഞ്ച്‌ സ്വഭാവങ്ങള്‍ വിശദമാക്കുവാന്‍ അബ്രഹാമിനെയും സാറയെയും മാതൃകയായി ചിത്രീകരിച്ചിരിക്കുന്നു.

1. പ്രതികരിക്കുന്ന വിശ്വാസം

ദൈവം പറഞ്ഞത്‌ അനുസരിക്കുവാനുള്ള അബ്രഹാമിണ്റ്റെ മനോഭാവമാണ്‌ ഇവിടെ കാണുന്നത്‌. ദൈവശബ്ദം കേട്ട അബ്രഹാം അനുസരിച്ചു. നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക ... അബ്രഹാം പുറപ്പെട്ടു (ഉല്‍പ.12:1-4).തന്നോടു സംസാരിച്ച ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്‌ അനുസരിക്കുവാന്‍ അബ്രഹാമിനെ പ്രേരിപ്പിച്ചത്‌. അപ്പോള്‍തന്നെ ദൈവം കല്‍പിക്കാത്ത ഒന്നും അബ്രഹാം ചെയ്തില്ല. അതാണ്‌ യഥാര്‍ത്ഥ വിശ്വാസം.

2.ത്യാഗപരമായ വിശ്വാസം

അബ്രഹാമിണ്റ്റെ വിശ്വാസം അവനെ, സകലവും വിട്ട്‌ അനുഗമിക്കുവാന്‍ തയ്യാറാക്കി. ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ട്‌ അറി യാത്തൊരു ദേശത്തേക്കു പോകുക എന്നത്‌ എത്ര വലിയ ത്യാഗമാണ്‌. പക്ഷേ യഥാര്‍ത്ഥ വിശ്വാസം, ആ ത്യാഗം അനുഷ്ഠിക്കുവാന്‍ അബ്രഹാമിനെ സജ്ജമാക്കി. സ്വന്തനാട്‌, സ്നേഹിതര്‍, സ്വന്തക്കാര്‍, കരുതലോടെ പാലിച്ചു വന്ന കൃഷിയിടങ്ങള്‍ എല്ലാം വിടുക എന്നത്‌ എത്രമാത്രം വേദനാജനകമാണ്‌ (ലോത്തിണ്റ്റെ ഭാര്യയെ ഇവിടെ സ്മരിക്കാം). എന്നാല്‍ വിശ്വാസം അതിനെ ജയിക്കുന്നു.

അബ്രഹാമിണ്റ്റെ വിശ്വാസത്തിലെ ഏറ്റവും ത്യാഗപരമായ വസ്തുത വിടുക എന്നതിലുപരി, എന്തിനു വേണ്ടി വിട്ടു എന്നതാണ്‌. എവിടെയോ ഉണ്ട്‌ എന്നു വിശ്വസിക്കുന്ന ഒരു ദേശത്തിനുവേണ്ടിയാണ്‌ അവന്‍ ഇറങ്ങിയത്‌. എന്നാല്‍ അവന്‍ പരാജയപ്പെട്ടില്ല. കാരണം, വിശ്വാസം വാഗ്ദത്തത്തിലല്ലായിരുന്നു; വാഗ്ദത്തം നല്‍കിയ ദൈവത്തിലായിരുന്നു.

3.ധൈര്യപൂര്‍വ്വമായ വിശ്വാസം

ഭീരുക്കള്‍ക്ക്‌ സാധിക്കാത്ത കാര്യമാണ്‌ അറിയാത്ത ദേശത്തേക്കുള്ള യാത്ര. അപകടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. ലഭിക്കാന്‍ പോകുന്ന അനുഗ്രഹത്തെക്കുറിച്ച്‌ വ്യക്തമായ ഒരു അറിവ്‌ യാത്രയ്ക്കു മുമ്പ്‌ അബ്രഹാമിനില്ലായിരുന്നു. കനാനില്‍ എത്തിയ ശേഷമാണ്‌ ഈദേശം നിനക്കു തരുമെന്ന്‌ വ്യക്തമായി ദൈവം പറഞ്ഞത്‌. എന്നിട്ടും അബ്രഹാം ധൈര്യപൂര്‍വ്വം ഇറങ്ങിപ്പുറപ്പെട്ടു (ഉല്‍പ. ൧൨:൭). വാഗ്ദത്തം ഉള്ളതുകൊണ്ടല്ല നാം അനുസരിക്കേണ്ടത്‌. അനുസരണത്തിനുള്ള പ്രതിഫലമാണ്‌ വാഗ്ദത്തം. വിശ്വാസത്താല്‍ നടക്കുന്നതിന്‌ അസാമാന്യ ധൈര്യം വേണ .(2 കൊരി.5:7)

4. സ്ഥിരമായ വിശ്വാസം

അബ്രഹാമിണ്റ്റെ സ്ഥിരത ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നു. വാഗ്ദത്തനാട്ടില്‍ പ്രവേശിച്ചിട്ടും അതവന്‌ സ്വന്തമായില്ല. കനാന്‍ മറ്റുള്ളവരുടെ അവകാശഭൂമിയായിരുന്നു. അവര്‍ സ്വന്തവീടുകളില്‍ പാര്‍ത്തപ്പോള്‍ അബ്രഹാമും തുടര്‍ന്ന്‌ തണ്റ്റെ മക്കളും കൊച്ചുമക്കളും കൂടാരം മാറ്റിമാറ്റി അടിച്ച്‌ പാര്‍ത്തു (11:9,10). പക്ഷെ അവരുടെ വിശ്വാസം തണുത്തുപോയില്ല. ദൈവം വാഗ്ദത്തം നിവൃത്തിക്കുമെന്ന വിശ്വാസത്തില്‍ നിന്നും അവര്‍ അണുവിട വ്യതിചലിച്ചില്ല. പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ വാഗ്ദത്തങ്ങളെ മുറുകെപ്പിടിച്ചു; അടിസ്ഥാനങ്ങളുള്ള, ദൈവം ശില്‍പിയായി നിര്‍മ്മിച്ച, നഗരത്തിനായി കാത്തിരുന്നു.

next page